alaswala1.teqnifysolutions.com

അഖീദ - ആമുഖം

പ്രിയ്യപ്പെട്ട മുസ്‌ലിം സഹോദരാ! അല്ലാഹു എനിക്കും നിനക്കും കാരുണ്യം മേൽ അവൻ്റെ കാരുണ്യം ചൊരിയട്ടെ.
മുസ്‌ലിമായ ഒരാൾക്കും ഈമാനിന്റെ (അല്ലാഹുവിന്റെ ദീനിലുള്ള വിശ്വാസത്തിന്റെ) പ്രാധാന്യവും, അതിന്റെ മഹത്വവും, ദുനിയാവിലും ആഖിറത്തിലും അതിന് ലഭിക്കുന്ന പ്രതിഫലങ്ങളും, ഈമാന്‍ കൊണ്ടുള്ള എണ്ണമില്ലാത്ത നേട്ടങ്ങളും അറിയാതിരിക്കുകയില്ല. ദുനിയാവിലെയും ആഖിറത്തിലെയും എല്ലാ നന്മകളും ശരിയായ ഈമാൻ ഒരാള്‍ക്ക് ഉണ്ടോ എന്നതിനെ ആശ്രയിച്ചാണുള്ളത്. അതുകൊണ്ട് തന്നെ, ഈമാൻ നേടിയെടുക്കുക എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമാണ്.

ഈമാന്‍ ഒരാൾക്ക് ദുനിയാവില്‍ സ്വഛ്ചമായ ഒരു ജീവിതം പ്രദാനം ചെയ്യും. പ്രയാസങ്ങളിൽ നിന്നും തിന്മകളിൽ നിന്നും അവനെ തടുത്തു നിര്‍ത്തുകയും ചെയ്യും. അതോടൊപ്പം, ശാശ്വതമായ ആഖിറത്തിലെ പ്രതിഫലവും അറ്റമില്ലാത്ത നന്മകളും ഈമാനിന്റെ പ്രതിഫലമായി നേടിയെടുക്കാൻ സാധിക്കും.

അല്ലാഹു പറയുന്നു:

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ‎﴿٩٧﴾

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.”

(നഹ്ൽ: 97)

അല്ലാഹു പറയുന്നു:

وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا ‎﴿١٩﴾‏

“ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട് അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.”

(ഇസ്‌റാഅ്: 19)

അല്ലാഹു പറയുന്നു:

وَمَن يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَٰئِكَ لَهُمُ الدَّرَجَاتُ الْعُلَىٰ ‎﴿٧٥﴾‏‏

“സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍.”

(ത്വാഹാ: 75)

അല്ലാഹു പറയുന്നു:

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلًا ‎﴿١٠٧﴾‏ خَالِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ‎﴿١٠٨﴾

“തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.”

“അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ട് മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല.”

(കഹ്ഫ്: 107-108)

ഖുർആനിൽ ഇതേ ആശയം ഉൾക്കൊള്ളുന്ന ധാരാളം ആയത്തുകളുണ്ട്. ഇസ്‌ലാമിന്റെ ശരിയായ വിശ്വാസം സ്വീകരിച്ച, അല്ലാഹുവിങ്കൽ രക്ഷ ലഭിക്കുന്ന ഏകവിഭാഗം അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ മാർഗം സ്വീകരിച്ചവരാണ്. അവരുടെ വിശ്വാസത്തിൻ്റെ (അഖീദ) അടിത്തറ ആറ് കാര്യങ്ങളാണ്.

الإِيمَانُ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَاليَوْمِ الآخِرِ وَالقَدَرِ خَيْرِهِ وَشَرِّهِ

അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ കിതാബുകളിലും (വേദഗ്രന്ഥങ്ങൾ) അവൻ്റെ റസൂലുമാരിലും (ദൂതന്മാരിലും) അന്ത്യദിനത്തിലും ഖദ്റിലും (വിധിയിലും) അതിൻ്റെ നന്മയിലും തിന്മയിലും വിശ്വസിക്കുക.
ഈ ആറ് അടിസ്ഥാനങ്ങൾ ഖുർആനിലും സുന്നത്തിലും ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ദീനിൻ്റെ അടിത്തറകളാണ് ഇവയെന്നതിൽ മുസ്‌ലിം ഉമ്മത്തും ഏകോപിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു:

لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ ‎﴿١٧٧﴾

“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍.”

(ബഖറ: 177)

ഈ ആയത്തിൽ മേൽ പറഞ്ഞ അഞ്ച് അടിത്തറകളും ഉൾക്കൊണ്ടിരിക്കുന്നു. വിധിവിശ്വാസത്തെ കുറിച്ച്

അല്ലാഹു പറയുന്നു:

إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ ‎﴿٤٩﴾

“തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.”

(ഖമർ: 49)

അല്ലാഹു പറയുന്നു:

آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ‎﴿٢٨٥﴾

“തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.”

(ബഖറ: 285)

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا آمِنُوا بِاللَّهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ فَقَدْ ضَلَّ ضَلَالًا بَعِيدًا ‎﴿١٣٦﴾

“സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.”

(നിസാഅ്: 136)

നബി ﷺ പറഞ്ഞതായി സ്ഥിരപ്പെട്ട ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്: (“ഈമാൻ (വിശ്വാസം) എന്നാൽ നീ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ കിതാബുകളിലും അവൻ്റെ റസൂലുകളിലും അന്ത്യദിനത്തിലും ഖദ്റിലും അതിൻ്റെ നന്മ തിന്മകളിലും വിശ്വസിക്കലാണ്.” )


ഈ മഹത്തായ അടിസ്ഥാനങ്ങൾ -അഥവാ ഈമാനിൻ്റെ അർക്കാനുകൾ (അർക്കാനുൽ ഈമാൻ)- എല്ലാ നബിമാരും അവരുടെ ജനതകളെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ ജനതകളിലേക്കും അല്ലാഹു അയച്ച സന്ദേശങ്ങളിലും ഇവ ഉൾക്കൊണ്ടിരുന്നു. ഒരാൾ ഈ പറഞ്ഞ ആറ് അടിത്തറകളിൽ മുഴുവനായോ അവയിൽ പെട്ട ഏതെങ്കിലും ഒന്നിലോ അവിശ്വസിച്ചാൽ അവൻ ഈമാനിൻ്റെയും ഇസ്‌ലാമിൻ്റെയും വലയത്തിൽ നിന്ന് പുറത്തുപോവുകയും, കാഫിറുകളുടെ (അവിശ്വാസികളുടെ) കൂട്ടത്തിൽ ഉൾപെടുകയും ചെയ്യും.

അല്ലാഹു പറയുന്നു:

إِنَّ الَّذِينَ يَكْفُرُونَ بِاللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُوا بَيْنَ اللَّهِ وَرُسُلِهِ وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُوا بَيْنَ ذَٰلِكَ سَبِيلًا ‎﴿١٥٠﴾‏ أُولَٰئِكَ هُمُ الْكَافِرُونَ حَقًّا ۚ وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُّهِينًا ‎﴿١٥١﴾‏ وَالَّذِينَ آمَنُوا بِاللَّهِ وَرُسُلِهِ وَلَمْ يُفَرِّقُوا بَيْنَ أَحَدٍ مِّنْهُمْ أُولَٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ‎﴿١٥٢﴾‏

“അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,”

“അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്‌.”

“അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”

(നിസാഅ്: 150-152)

ഈ അറ് അടിത്തറകളിൽ ഓരോന്നും വിശദമായ വിവരണം അർഹിക്കുന്ന വിഷയങ്ങളാണ്. ഇനിയുള്ള അദ്ധ്യായങ്ങളില്‍ അവ മനസ്സിലാക്കാം